Saturday, October 23, 2010

Aaraayirunnu A. Ayyappan...?


ആരായിരുന്നു എ.അയ്യപ്പന്‍..?

മലയാളത്തിന്റെ പ്രിയ കവി എ.അയ്യപ്പന്‍ അന്തരിച്ചു. ഇന്നലെ പകല്‍ പന്ത്രണ്ടു മണിയ്ക്കാണ് അന്ത്യം സ്ഥിരീകരിച്ചത്. മാധ്യമങ്ങള്‍ അയ്യപ്പന്‍റെ മരണം ഒരു ആഘോഷമാക്കി. ഓണ്‍ലൈന്‍ ചര്‍ച്ചകളിലും അനുശോചന പ്രകടനങ്ങളിലും ഞാനും പങ്കെടുത്തു. ഉച്ചയായി..ഭക്ഷണത്തിന്റെ സമയം. ശീതീകരിച്ച തീന്‍ മേശയ്ക്കു ചുറ്റും ഞങ്ങള്‍ സുഹൃത്തുക്കള്‍ ഭക്ഷണ പൊതികള്‍ അഴിച്ചു. കൂട്ടത്തില്‍ തലയെടുപ്പുള്ള, ഉത്തരവാദിത്വം കൂടുതലുള്ള , ഒരു മലയാളി സുഹൃത്ത് പതിവ് പോലെ ഗോളാന്തര ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചു...
"പഞ്ചായത്തുകളില്‍ കനത്ത പോളിംഗ് ആണെന്ന് കേട്ടല്ലോ..."
ഞങ്ങള്‍ തല കുലുക്കി സമ്മതിച്ചു...
"അതെ..കനത്ത പോളിങ്ങാണെന്ന് കേട്ടു..."
എതിര്‍പ്പുകളൊന്നും ഇല്ലാതിരുന്നതുകൊണ്ട് അദ്ദേഹം അടുത്ത വെടി പൊട്ടിച്ചു...
"കവി എ.അയ്യപ്പന്‍ വടിയായെന്നു കേട്ടല്ലോ...."
ഞങ്ങള്‍ അതിനോട് യോജിച്ചു...
"ശരിയാണ്... തിരുവനന്തപുരത്ത് ശ്രീകുമാര്‍ ടാക്കീസിനു സമീപം കണ്ട അജ്ഞാത ശവശരീരം കവി അയ്യപ്പന്റേതാണെന്ന് ഇന്നലെ പകല്‍ പന്ത്രണ്ടുമണിയ്ക്ക് സ്ഥിരീകരിച്ചു..."
ഇങ്ങനെയൊരു വിശദീകരണം കൂട്ടിച്ചേര്‍ത്തത് അദ്ദേഹത്തിനു അത്രയ്ക്ക് ഇഷ്ടപ്പെട്ടില്ല. എങ്കിലും ആ നീരസം മറച്ച് വച്ചുകൊണ്ട് അങ്ങേര്‍ തുടര്‍ന്നു....
"വീടും കുടുംബവും ഒന്നും ഇല്ലായിരുന്നു. ഒരു അവശ കാമുകന്‍ ആയിരുന്നു...."
പിന്നീട് നടന്നതൊന്നും എനിയ്ക്കോര്‍മയില്ല...ബോധം തെളിയുമ്പോള്‍ ഞാന്‍ വിക്കീ പീടികയ്ക്ക് മുന്‍പില്‍ ഇരിയ്ക്കുന്നതാണ് കണ്ടത്. സേര്‍ച്ച്‌ ബോക്സില്‍ "എ.അയ്യപ്പന്‍" എന്നെഴുതിയിട്ടുണ്ട്. ആരായിരുന്നു ഈ "എ.അയ്യപ്പന്‍" ...?