Saturday, October 23, 2010

Aaraayirunnu A. Ayyappan...?


ആരായിരുന്നു എ.അയ്യപ്പന്‍..?

മലയാളത്തിന്റെ പ്രിയ കവി എ.അയ്യപ്പന്‍ അന്തരിച്ചു. ഇന്നലെ പകല്‍ പന്ത്രണ്ടു മണിയ്ക്കാണ് അന്ത്യം സ്ഥിരീകരിച്ചത്. മാധ്യമങ്ങള്‍ അയ്യപ്പന്‍റെ മരണം ഒരു ആഘോഷമാക്കി. ഓണ്‍ലൈന്‍ ചര്‍ച്ചകളിലും അനുശോചന പ്രകടനങ്ങളിലും ഞാനും പങ്കെടുത്തു. ഉച്ചയായി..ഭക്ഷണത്തിന്റെ സമയം. ശീതീകരിച്ച തീന്‍ മേശയ്ക്കു ചുറ്റും ഞങ്ങള്‍ സുഹൃത്തുക്കള്‍ ഭക്ഷണ പൊതികള്‍ അഴിച്ചു. കൂട്ടത്തില്‍ തലയെടുപ്പുള്ള, ഉത്തരവാദിത്വം കൂടുതലുള്ള , ഒരു മലയാളി സുഹൃത്ത് പതിവ് പോലെ ഗോളാന്തര ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചു...
"പഞ്ചായത്തുകളില്‍ കനത്ത പോളിംഗ് ആണെന്ന് കേട്ടല്ലോ..."
ഞങ്ങള്‍ തല കുലുക്കി സമ്മതിച്ചു...
"അതെ..കനത്ത പോളിങ്ങാണെന്ന് കേട്ടു..."
എതിര്‍പ്പുകളൊന്നും ഇല്ലാതിരുന്നതുകൊണ്ട് അദ്ദേഹം അടുത്ത വെടി പൊട്ടിച്ചു...
"കവി എ.അയ്യപ്പന്‍ വടിയായെന്നു കേട്ടല്ലോ...."
ഞങ്ങള്‍ അതിനോട് യോജിച്ചു...
"ശരിയാണ്... തിരുവനന്തപുരത്ത് ശ്രീകുമാര്‍ ടാക്കീസിനു സമീപം കണ്ട അജ്ഞാത ശവശരീരം കവി അയ്യപ്പന്റേതാണെന്ന് ഇന്നലെ പകല്‍ പന്ത്രണ്ടുമണിയ്ക്ക് സ്ഥിരീകരിച്ചു..."
ഇങ്ങനെയൊരു വിശദീകരണം കൂട്ടിച്ചേര്‍ത്തത് അദ്ദേഹത്തിനു അത്രയ്ക്ക് ഇഷ്ടപ്പെട്ടില്ല. എങ്കിലും ആ നീരസം മറച്ച് വച്ചുകൊണ്ട് അങ്ങേര്‍ തുടര്‍ന്നു....
"വീടും കുടുംബവും ഒന്നും ഇല്ലായിരുന്നു. ഒരു അവശ കാമുകന്‍ ആയിരുന്നു...."
പിന്നീട് നടന്നതൊന്നും എനിയ്ക്കോര്‍മയില്ല...ബോധം തെളിയുമ്പോള്‍ ഞാന്‍ വിക്കീ പീടികയ്ക്ക് മുന്‍പില്‍ ഇരിയ്ക്കുന്നതാണ് കണ്ടത്. സേര്‍ച്ച്‌ ബോക്സില്‍ "എ.അയ്യപ്പന്‍" എന്നെഴുതിയിട്ടുണ്ട്. ആരായിരുന്നു ഈ "എ.അയ്യപ്പന്‍" ...?

Sunday, February 28, 2010

എന്തൊരു കാലമാടാ... (Enthoru Kaalamaada...)

നാം ജീവിയ്ക്കുന്ന ലോകം അതിവേഗം മാറിക്കൊണ്ടിരിയ്ക്കുകയാണ്. ഗ്രാമഫോണും കമ്പിത്തപാലും ബ്ലായ്ക്ക് ആന്‍ഡ്‌ വൈറ്റ് ടി.വി യും ഇന്ന് മൊബൈല്‍ എഫ്.എമ്മിനും വൈ ഫൈ പോലുള്ള കമ്പിയില്ലാകമ്പിയ്ക്കും ഹൈ ഡഫനിഷന്‍ പ്ലാസ്മാ ടി വി യ്ക്കും വേണ്ടി വഴിമാറിക്കൊടുത്തു. ഓലപ്പന്തും എററാലിയും പിടിച്ചിരുന്ന കൈകളില്‍ ജോയ്‌ സ്റ്റിക്കും റിമോട്ട് കണ്ട്രോളറും..പാക്കരാ പൂയ്‌...എന്ന് കൂകി വിളിയ്ക്കുന്നതിനു പകരം മി.ഭാസ്കര്‍...യു ഗോട്ട് എ മിനിട്ട് എന്ന് സെല്‍ ഫോണ്‍ മന്ത്രിയ്ക്കുന്നു... ഞാന്‍ നിന്നെ പ്രേമിയ്ക്കുന്നു മാന്‍ കിടാവേ എന്നെഴുതി ഒരു നാരങ്ങാ മുട്ടായി കൈക്കൂലിയായും കൊടുത്താല്‍ ഉണ്ണിക്കുട്ടന്‍ കത്ത് ഉമച്ചേച്ചിയ്ക്ക് കൈ മാറിയിരുന്നത് അന്തക്കാലത്ത്... ഇന്ത ക്കാലത്ത് ഒരു പിസയും പെപ്സിയും കൈക്കൂലി കൊടുത്താല്‍ ടിന്റുമോന്‍ , ബ്ലു ടൂത്തും പത്തു മെഗാ പിക്സെല്‍ ക്യമാറയുമുള്ള സെല്‍ ഫോണ്‍ ഉമച്ചേച്ചിയുടെ കയ്യില്‍ കൊണ്ടുപോയി കൊടുക്കും. പിന്നെ ചേച്ചിയും ചേട്ടനും ആരുമറിയാതെ എസ് എം എസും മിസ്‌ കോളും മിസ്സാകാത്ത
കോളും എന്നു വേണ്ട....നമ്മുടെ കുട്ടികള്‍ ഹൈ ടെക് യുഗത്തെ കൈ നീട്ടി സ്വീകരിച്ചു കഴിഞ്ഞു.
ഇത്രയും ആമുഖമായി എഴുതിയത് എന്തിനാണെന്ന് ഇനി പറയാം. കഴിഞ്ഞ ദിവസം സഹപ്രവര്‍ത്തകയായ ഒരു വീട്ടമ്മ വളരെ കാര്യമായി അയച്ചുതന്ന ഒരു ഇ-മെയില്‍ ശ്രദ്ധിച്ചു.
നാം ശ്രദ്ധിയ്ക്കേണ്ട ചില കാര്യങ്ങള്‍ എന്നായിരുന്നു അതിന്‍റെ തലക്കെട്ട്‌..ശ്രദ്ധാപൂര്‍വം വായിച്ചു നോക്കി. കത്തിന്റെ സാരാംശം ഇങ്ങനെയാണ്. ആധുനിക യുഗത്തില്‍ ഇന്റര്‍നെറ്റിന്റെയും മൊബൈല്‍ ഫോണിന്റെയും ദുരുപയോഗം ധാരാളമായി നടക്കുന്നുണ്ട്.നമ്മുടെ പ്രിയപ്പെട്ടവരുടെ; നമ്മുടെ മകളുടെയോ സഹോദരിയുടെയോ ഭാര്യയുടെയോ നഗ്ന ചിത്രങ്ങള്‍ നമ്മളെ തേടി വരാന്‍ സാധ്യതയുണ്ട്. നെറ്റ് വഴിയോ ഇ-മെയില്‍ വഴിയോ ഡിജിറ്റല്‍ ക്യാമറ വഴിയോ അസന്മാര്‍ഗികളുടെ കയ്യിലെത്തുന്ന ഫോട്ടോഗ്രാഫുകള്‍ മോര്‍ഫിങ്ങും മറ്റു ആധുനിക സംവിധാനങ്ങളും ഉപയോഗിച്ച് നഗ്ന ചിത്രങ്ങളാക്കി മാറ്റുന്നു. സൂക്ഷ്മമായ എഡിറ്റിന്‍ഗിനു ശേഷം പുറത്തു വിടുന്ന ഈ ചിത്രങ്ങള്‍ക്ക് ഒറിജിനലിനെ വെല്ലുന്ന ഒറിജിനാലിറ്റി ആയിരിയ്ക്കും. ഇതൊഴിവാക്കാന്‍ ലേഘകന്‍ നിര്‍ദേശിയ്ക്കുന്ന ചില മാര്‍ഗങ്ങളോട്
വിയോജിയ്ക്കാതെ വയ്യ.
1. കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ കൊടുക്കാതിരിയ്ക്കുക. അത്യാവശ്യമെന്നു തോന്നിയാല്‍ ബ്ലൂ ടൂത്തും ക്യാമറയുമില്ലാത്ത ഫോണ്‍ കൊടുക്കുക...!!
2. സോഷ്യല്‍ നെറ്റ്വര്‍കിംഗ് സൈറ്റുകളില്‍ നമ്മുടെ പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ പോസ്റ്റ്‌ ചെയ്യാതിരിയ്ക്കുക...!!
3. മെമ്മറി കാര്‍ഡുകളും ഡിജിറ്റല്‍ ക്യാമറയും മറ്റും സ്റ്റുഡിയോയില്‍ കൊടുക്കുമ്പോള്‍ അതിലുള്ള ചിത്രങ്ങള്‍ അവരുടെ കമ്പ്യൂട്ടറിലേയ്ക്ക് കോപ്പി ചെയ്യുന്നില്ലെന്ന് എങ്ങനെയെങ്കിലും ഉറപ്പാക്കുക...!!!
എന്നിങ്ങനെ തികച്ചും അപ്രായോഗികമായ ഒരു പിടി നിര്‍ദേശങ്ങള്‍..
വൈകാരികമായി ഈ വിഷയത്തെ അഭിസംബോധന ചെയ്യാന്‍ ശ്രമിയ്ക്കാതെ പ്രായോഗികമായി ഒന്ന് ചിന്തിച്ചു നോക്കൂ...നാടോടുമ്പോള്‍ നടുവേ ഓടാതെ ഒരു സൈഡില്‍ ഒതുങ്ങി നില്‍ക്കുവാന്‍ നമുക്ക് നമ്മുടെ കുട്ടികളോട് പറയാന്‍ പറ്റുമോ..? ഒരു മഹാമാരി പോലെ ഉറഞ്ഞു പെയ്യുന്ന ഹൈ-ടെക് മഴയെ
പ്രതിരോധിയ്ക്കുവാന്‍ ഒരു ഓലക്കുടയ്ക്ക് കെല്‍പ്പുണ്ടാകുമോ..? പ്രതിരോധിയ്ക്കുവാന്‍ ശ്രമിയ്ക്കുകയാണോ അതോ അതുമായി സമന്വയിച്ചു കൊണ്ട് സഹചരിയ്ക്കുവാന്‍ ശ്രമിയ്ക്കുകയണോ വേണ്ടത്. നിങ്ങളുടെ വിവേചന ബുദ്ധിയ്ക്ക് വിടുന്നു.. നിങ്ങള്‍ നിങ്ങളുടെ മകളെ, സഹോദരിയെ, ഭാര്യയെ സ്നേഹിയ്ക്കുന്നുണ്ടെങ്കില്‍ അവരെ വിശ്വസിയ്ക്കുകയും വിശ്വാസത്തിലെടുക്കുകയും വേണം. അവരുടെ ഒരു നഗ്ന ചിത്രം കാണാന്‍ പാടില്ലാത്ത സ്ഥലത്ത് കണ്ടാല്‍ ഒരു തുറന്ന ചര്‍ച്ചയ്ക്ക് തയ്യാറാകാന്‍ തയ്യാറായിക്കോളൂ...കാരണം ഇതു ഓലപ്പന്തിന്റെയും ഓേലഞാലിയുടെയും കാലമല്ല...ഹൈടെകിന്റെയും ബ്ലു ചിപ്പിന്റെയും കാലമാണു....ഹയ്യോ...എന്തൊരു കാലമാടാ...